Sunday, October 21, 2007

എന്റെ പരീക്ഷണം

എന്റെ പരീക്ഷണം

റിജിന

ഞാന്‍ എന്റെ വീട്ടിനപ്പുറത്തുള്ള ചേച്ചിയുടെയും ചേട്ടന്റെയും ഒത്ത്‌ കളിക്കുകയായിരുന്നു. അങ്ങനെയുള്ള ഒരു ദിവസം. അന്നു ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരുന്നു. കളിക്കുമ്പോള്‍ ഞങ്ങളുടെ പക്കല്‍ കുറെ കളിപ്പാട്ടങ്ങള്‍ ഉണ്ടായിരുന്നു. അടുത്തൊരു വയലാണ്‌. അന്നു നെല്ലുനടുന്ന കാലം കുറെ സ്ത്രീകള്‍ അതാ വിത്തിടുന്നു. അതുകണ്ടപ്പോള്‍ എനിക്കും തോന്നി കൃഷി ചെയ്താലോ എന്ന്‌. ഞാന്‍ എന്റെ ആശ ഏട്ടനോടും ഏച്ചിയോടും പറഞ്ഞു. അവര്‍ സമ്മതിച്ചു. അപ്പോള്‍ ഏട്ടന്‍ പറഞ്ഞു എന്തു കൃഷിയാണു ചെയ്യുക. അപ്പോള്‍ ഏച്ചി പറഞ്ഞു. നമുക്ക്‌ കയ്പ കൃഷി ചെയ്യാം. എനിക്കതു കേട്ടപ്പോള്‍ ദേഷ്യം വന്നു. അതുകൊണ്ട്‌ നമുക്കെന്താ പ്രയോജനം. നമുക്ക്‌ കളിപ്പാട്ടം കൃഷിചെയ്യാം. അതു കേട്ടപ്പോള്‍ അവര്‍ ചിരിച്ചു. ഞാന്‍ ചോദിച്ചു. എന്തിനാ ചിരിക്കുന്നേ? അവര്‍ പറഞ്ഞു എടീ കളിപ്പാട്ടം നട്ടാല്‍ വിരിയില്ല. പിന്നെ എനിക്കതു വാശിയായി. ഞാന്‍ പറഞ്ഞു ഞാന്‍ നടും, കളിപ്പാട്ടം ഉണ്ടായാല്‍ നിങ്ങള്‍ക്ക്‌ ഒന്നും തരില്ല. അവര്‍ പോയി. ഞാന്‍ കുഴികുഴിച്ചു, അതില്‍ രണ്ട്മൂന്ന്‌ കളിപ്പാട്ടം ഇട്ടു.അതു മൂടി വെള്ളം ഒഴിച്ചു. എപ്പോഴും സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും ഞാന്‍ വെള്ളം ഒഴിച്ചു. ഒരാഴ്ച കഴിഞ്ഞു. ഒരു ദിവസം ഞാന്‍ വെള്ളം ഒഴിക്കുന്നതു കണ്ട വല്ല്യഛന്‍ എന്നോടു ചോദിച്ചു എന്താ നീ അവിടെ നട്ടേന്ന്‌. ഞാന്‍ പറഞ്ഞു കളിപ്പാട്ടം എന്ന്‌.ഇതു കേട്ട താമസം വല്ല്യഛനും ചിരിക്കാന്‍ തുടങ്ങി. എനിക്ക്‌ ഒന്നും മനസ്സിലായില്ല. കളിപ്പാട്ടമാണ്‌ നട്ടേന്നറിഞ്ഞപ്പം എല്ലാവരും ഉണ്ട്‌ ചിരിക്കണ്‌. ഞാന്‍ ചോദിച്ചു എന്താ വല്ല്യഛാ ചിരിക്കണ്‌? മോളേ കളിപ്പാട്ടം പ്ലാസ്റ്റിക്‌ കൊണ്ട്‌ ഉണ്ടാക്കുന്നതല്ലേ. എനിക്ക്‌ വിഷമമായി. ഞാന്‍ ഇത്രനാളും കഷ്ടപ്പെട്ടതവെറുതെയായല്ലോ. ഞാന്‍ മണ്ണെടുത്ത്‌ കളിപ്പാട്ടവും കൊണ്ട്‌ വീട്ടിലേക്ക്‌ പോയി.