Sunday, October 21, 2007

കാട്ടിലെആനയും

കാട്ടിലെആനയും
എന്റെ ചക്കയും
ജയശ്രീ പി
തന്നാനോ താനാ തിന തന്നാനം താനാ
തന്നാനോ താനേ തന തന്നാനം താനാ

നാടന്‍ പാട്ടിന്റെ ശീലുകള്‍ അലയടിക്കുന്ന വയനാടന്‍ ഗ്രാമം. മന്ദമാരുതന്റെ തലോടലില്‍ രാഗമുതിര്‍ക്കുന്ന കാട്ടുമുളങ്കൂട്ടങ്ങള്‍. ഇല്ലിക്കൂട്ടങ്ങള്‍ എന്നും കാടുകള്‍ക്ക്‌ അനുഗ്രഹമായിരുന്നു. സൂര്യകിരണങ്ങള്‍ എത്തിനോക്കാന്‍ പോലും മടിക്കുന്ന ഘോരവനാന്തരം. അമ്മാവനെന്നറിയപ്പെടുന്ന പുലിയും മൂപ്പരെന്ന്‌ നാട്ടുകാര്‍ വിളിക്കുന്ന ആനയും ആ വനാന്തരങ്ങളുടെ ഭീതി വര്‍ദ്ധിപ്പിക്കുന്നു. ഞാറക്കകള്‍ തുളുമ്പി നില്‍ക്കുന്ന ഞാവല്‍ മരങ്ങള്‍. കായ്ച്ചു നില്‍ക്കുന്ന അത്തിമരങ്ങള്‍. ഇവയെല്ലാം തന്നെ വയനാടിന്റെ സൗന്ദര്യം വിളിച്ചോതുന്നു.വയനാട്ടിലെ ഒരു കൊച്ചു ഗ്രാമമാണ്‌ തിരുനെല്ലി. ഉയര്‍ന്നു നില്‍ക്കുന്ന മലനിരകള്‍ കളകളമൊഴുകുന്ന പാപനാശിനിയുടെ അലകളില്‍ കോള്‍മയിര്‍ കൊണ്ടു. കാട്ടു പൂക്കള്‍ ചിരിച്ചു. ശാന്തി മന്ത്രമുയരുന്ന അന്തരീക്ഷത്തില്‍ തെക്കന്‍ കാശി എന്ന തിരുനെല്ലി ക്ഷേത്രം ആ ഗ്രാമത്തെ കൗതുകത്തോടെ വീക്ഷിച്ചു. കാട്‌ എന്നും ഏവരിലും ഭീകരതയുണര്‍ത്തുന്നതായിരുന്നു. നിരന്നു കിടക്കുന്ന മല നിരകളും ഇടതൂര്‍ന്ന വൃക്ഷങ്ങളും കാട്ടു മൃഗങ്ങളുടെ അലര്‍ച്ചകളും നിറഞ്ഞ തിരുനെല്ലിക്കാട്‌. ആ കാട്ടരുകില്‍ പാപനാശിനിക്ക്‌ കൂറച്ചകലെ ഒരു കൂഞ്ഞു വീട്‌. ഓടുമേഞ്ഞ, മുളയുടെ അലകാല്‍ ചുമര്‍ തീര്‍ത്ത ഒരു മുറി മാത്രമുള്ള ഒരു കൊച്ചു വീട്‌. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. സൂര്യന്‍ ചക്രവാളസീമയില്‍ മറയവേ ക്ലോക്കില്‍ മണിയടിച്ചു. കോടമഞ്ഞ്‌ തന്റെ കരങ്ങളാല്‍ ആ ഗ്രമത്തെ പൊതിഞ്ഞു. തെക്കന്‍ കാശിയില്‍ നിന്നുമുയരുന്ന ഭക്തി ഗാനങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു. സമയം പിന്നെയും നീങ്ങി. മണി ഒമ്പത്‌.? മോളൂ, ആനയിങ്ങെത്തീന്നു തോന്നുന്നു. നല്ല മണമുണ്ട്‌ ?ആ കുഞ്ഞു വീട്ടിലെ മോളു ഞാനാണ്‌ കേട്ടോ. ആ ഗ്രാമം മുഴുവന്‍ നിശ്ശബ്ദമായിരിക്കെ ഞങ്ങളുടെ വീട്ടുമുറ്റത്ത്‌ നിന്ന്‌ ആരോ വെള്ളം മറിക്കുന്ന ശബ്ദം. ? ആരാ അവിടെ ?അച്ഛന്‍ വിളിച്ചു ചോദിച്ചു. ? സമയം ഒമ്പത്‌ മണിയായതല്ലേയുള്ളൂ, അതാ വിജയനെങ്ങാനുമായിരിക്കും ?മറുപടി അമ്മയുടേതായിരുന്നു. പുറത്തു നിന്നും മറുപടിയൊന്നും കേള്‍ക്കാത്തതിനാല്‍ അച്ഛന്‍ മുള കൊണ്ടുള്ള വാതിലിനിടയിലൂടെ പുറത്തേയ്ക്കു നോക്കി. അവിടെ കുറ്റാക്കൂറ്റിരുട്ട്‌. ആകാശം പോലെ പരന്നു കിടക്കുന്ന അന്ധകാരത്തില്‍ തിളങ്ങുന്ന രണ്ട്‌ വെള്ളക്കൊമ്പുകള്‍.? ആന ആന മുറ്റത്തെത്തിയിരിക്കുന്നു ?അച്ഛന്‍ ഭീതിയോടെ അമ്മയോട്‌ പറഞ്ഞു.? ദേ മോളെ ഉണര്‍ത്തണ്ട, അവള്‍ ഉണര്‍ന്നാല്‍ ഒച്ച വെക്കും ?അമ്മയുടെയും അച്ഛന്റെയും കുശുകുശുക്കം കേട്ട്‌ ഞാന്‍ ഞെട്ടിയുണര്‍ന്നു.പുറത്ത്‌ ഭയങ്കര ഒച്ച. അതെന്താണെന്ന്‌ ഞാന്‍ ചോദിക്കുമ്പോഴേക്കും അമ്മ എന്റെ വായ പൊത്തിപ്പിടിച്ചു.? മോളേ ഒച്ച വെക്കല്ലേ ആന പുറത്തുണ്ട്‌ ?ഒച്ചവെച്ചാല്‍ ആന ഇങ്ങോട്ട്‌ വന്ന്‌ വീട്‌ പൊളിക്കും. ഞാന്‍ അച്ഛനെ നോക്കി. ഭയങ്കര പ്രാര്‍ത്ഥനയിലാണ്‌ അച്ഛന്‍.? എന്റെ പെരുമാളേ എന്റെ മക്കളെ കാത്തോണേ ഗണപതിയപ്പന്‌ തേങ്ങ മുട്ടിച്ചോളാമേ. ദ്രോഹിക്കാണ്ട്‌ പോയേക്കണേ ?എല്ലാവരും പേടിച്ച്‌ വിറച്ചിരിക്കുന്ന ആ സമയത്തും എനിക്ക്‌ അച്ഛന്റെ കളി കണ്ടപ്പോള്‍ ചിരിവന്നു.ഞാന്‍ ഉറക്കെപ്പറഞ്ഞു. അച്ഛാ എനിക്ക്‌ പേടിയില്ലല്ലോ, ആനയെ എനിക്ക്‌ കാണണായിരുന്നു അച്ഛാ.? മോളേ ഒച്ച വെക്കല്ലേ ആന വീട്‌ കുത്തും. ഇതാ ഈ ചുമരരുകിലാ അവനുള്ളത്‌ ?അച്ഛന്റെ വിവരണം കേട്ട ഞാന്‍ ശബ്ദത്തിനായി കാതോര്‍ത്തു. വീട്ടിനരികിലെ പ്ലാവില്‍ നിന്നും താഴെ പതിച്ച ചക്ക ആന ചവിട്ടിപ്പൊട്ടിച്ച്‌ വായിലാക്കുന്ന ശബ്ദം എനിക്ക്‌ കേള്‍ക്കാനായി. എന്റെയുള്ളിലേക്കും ഭീതി അരിച്ചു കയറാന്‍ തുടങ്ങി. അമ്മയെയും കെട്ടിപ്പിടിച്ച്‌ ഞാനിരിക്കെ പെട്ടെന്ന്‌ ഞാന്‍ എന്റെ ചക്കയുടെ കാര്യം ഓര്‍ത്തു. പ്ലാവില്‍ ഏറ്റവും ചുവട്ടില്‍ ആയി ഉണ്ടായ ചക്ക എന്റെതാണ്‌. അത്‌ പഴുത്താല്‍ എനിക്ക്‌ വേണം എന്ന്‌ പറഞ്ഞ്‌ വെച്ചിരിക്കുകയാണ്‌. ദിവസവും ഞാന്‍ ആ ചക്കയെ ശ്രദ്ധിക്കാറുണ്ട്‌. നാളെ ആ ചക്ക അവിടെ ഉണ്ടാവില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക്‌ സങ്കടം വന്നു. ? അച്ഛാ എന്റെ ചക്ക ആന തിന്നില്ലേ ? മിണ്ടല്ലേ എന്ന്‌ അച്ഛന്‍ ആംഗ്യം കാണിച്ചു. കട്ടിലിന്‍ മുകളില്‍ കയറി കഴുക്കോലും ചുമരും ചാരുമ്പോഴുണ്ടായ വിടവിലൂടെ പുറത്തേക്കു നോക്കി. കൂടെ ഞാനും കൂടി. പുറത്തെ കാഴ്ച ഹോ! ഞങ്ങള്‍ പറയുന്നത്‌ കേള്‍ക്കാനെന്ന മട്ടില്‍ തീറ്റ നിര്‍ത്തി ആന ചെവി വട്ടം പിടിക്കുന്നു. എന്തോ ഞാന്‍ പറഞ്ഞത്‌ കേട്ടിട്ടാവണം ആ ഒരു ചക്ക മാത്രം ബാക്കിയാക്കി ആന തിരിച്ചു പോയി. രാവിലെ എന്നെയും കാത്ത്‌ എന്നത്തെയും പോലെ എന്റെ ചക്ക അവിടെ ഉണ്ടായിരുന്നു. കൂടെ തലേന്ന്‌ രാത്രി ആന തരിപ്പണമാക്കി അടിച്ചു ചുളുക്കി ഹാന്‍ഡ്‌ ബാഗ്‌ രൂപത്തിലാക്കിയ ഞങ്ങളുടെ അലൂമിനിയം ബക്കറ്റും.