Thursday, October 11, 2007

പാത്തുമ്മായുടെ ആട് - ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പാത്തുമ്മായുടെ ആട്‌ എന്ന കൃതിയെ അവലംബിച്ച്‌ പത്താം തരത്തിലെ കുട്ടികള്‍ തയ്യാറാക്കിയത്‌.
ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ഗേള്‍സ്‌, കാസര്‍കോട്‌. പി ഒ ഉദുമ. 671319

പാത്തുമ്മയുടെ ആടിന്റെ ഡയറിക്കുറിപ്പുകള്
‍പ്രിയപ്പെട്ട ഡയറീ,ഇന്നും പതിവുപോലെ പ്രഭാത സവാരിക്കിറങ്ങയപ്പോള്‍ ഉമ്മാടെ വീട്ടിലും കയറി. എന്റെ ബ്രേക്ക്‌ ഫാസ്റ്റ്‌ എന്നും അവിടെ നിന്നാണല്ലോ. കൊഴിഞ്ഞു വീണ ഇലകളും പൊഴിഞ്ഞു വീണ ചാമ്പങ്ങയും തിന്നു കൊണ്ടിരിക്കുമ്പോഴാണ്‌ ഒരു കഷണ്ടിത്തലയനെ കണ്ടത്‌. വരാന്തയിലെ ചാരുകസേരയില്‍ ചായയും കുടിച്ചുകൊണ്ട്‌ സ്റ്റെയിലില്‍ ഇരിക്കുകയായിരുന്നു അയാള്‍. ഗ്ലാമറ്‌ താരമെന്ന രീതിയിലാണ്‌ ഇരിപ്പ്‌. കണ്ടാലോ? ഉപമിക്കാന്‍ വാക്കുകളില്ലാത്തതിനാല്‍ ഞാന്‍ പറയുന്നില്ല. ഞാനാണിവിടുത്തെ അധികാരി എന്ന മട്ടില്‍ കുറെ നേരം എന്നെ നോക്കിയിരുന്നു. ഞാന്‍ മെന്‍ഡു ചെയ്തില്ല. അടുക്കളയിലെ പാത്രങ്ങളിലൊക്കെ നോക്കിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വരാന്തയിലിരുന്ന ആള്‍ അതിഥിയാണെന്ന്‌ കരുതി ഞാന്‍ റൂമിലൊക്കെ ചുറ്റി നടന്നു. പിന്നീടറിഞ്ഞു അയാള്‍ ആ വീട്ടിലെ ആളാണെന്ന്‌. അവിടെ കണ്ട ചില പുസ്തകങ്ങള്‍ വായിച്ചു നോക്കാനൊന്നും മിനക്കെടാതെ ഞാന്‍ തിന്നു. ടേസ്റ്റ്‌ അത്ര പോര. എന്റെ വയറ്‌ നിറഞ്ഞിരുന്നില്ല. ഞാന്‍ അവിടെക്കണ്ട ഒരു പുതപ്പ്‌ തിന്നാന്‍ തുടങ്ങി. അപ്പോള്‍ അയാള്‍ വന്ന്‌ പുതപ്പ്‌ വാങ്ങിയിട്ട്‌ എന്നോടെന്തൊക്കെയോ പറഞ്ഞു. എന്നെ തല്ലുകയൊന്നും ചെയ്തില്ല. എന്റെ സൗന്ദര്യത്തില്‍ മയങ്ങിപ്പോയിട്ടുണ്ടാവും. ഇന്നും എന്റെ പേരില്‍ പാത്തുമ്മയും ആനുമ്മയും വഴക്ക്‌ കൂടി. അയാള്‍ എന്റെ കഴുത്തില്‍ കയറിടണമെന്ന്‌ പറയുന്നത്‌ കേട്ടു. കയറും കൊണ്ട്‌ ഇങ്ങ്‌ വരട്ടെ എന്നെ കെട്ടാന്‍. അവിടുത്തെ പരിപാടിയെല്ലാം കഴിഞ്ഞ്‌ പതിവു പോലെ ഞങ്ങള്‍ ജാഥയായി തിരിച്ചു വന്നു. എനിക്ക്‌ ഉറക്കം വരുന്നുണ്ട്‌. ഗുഡ്‌ നൈറ്റ്‌.
ജ്യോതിശ്രീ, രമ്യ, അശ്വതി എ കെ, അനില എ

ഒരു ബഷീറിയന്‍ പ്രണയ ലേഖനം
( സുഹാസിനിക്ക്‌ )
ജീവന്റെ ജീവനായി ഏതോ ഒരു അസുലഭ മുഹൂര്‍ത്തത്തില്‍ എന്റെ ഹൃദയത്തില്‍ ചേക്കേറിയ വാനമ്പാടീ...നീ മന്ദസ്മിതം തൂകിയപ്പോള്‍ വിടര്‍ന്ന ആയിരം ആമ്പല്‍പൂക്കള്‍ എനിക്കു സമ്മാനിക്കുകയായിരുന്നു. അകലെയാണെങ്കിലും എന്നും എന്റെ ഹൃദയം നീ അരികിലുണ്ടാകണമെന്നാശിക്കുന്നു. ജീവഗായിക അന്ന്‌ എന്‍ പ്രാണസഖിക്ക്‌ ഞാന്‍ തന്ന ചാമ്പങ്ങ ഓര്‍മയുണ്ടോ, ആ ചാമ്പങ്ങ പാതി നിനക്കായി നല്‍കിയപ്പോള്‍ എന്‍ ഹൃദയം ഞാന്‍ നല്‍കുകയായിരുന്നു. ഇനിയും ഒന്നു കാണാന്‍ എന്‍ ഹൃദയം തുടിക്കുകയാണ്‌. ഹൃദയത്തില്‍ നിനക്കായി കുറിച്ചിട്ട വാക്കുകള്‍ കേവലം ഒരു കടലാസില്‍ ആക്കുവാന്‍ എന്‍ തൂലികയ്ക്ക്‌ കെല്‍പില്ല. എന്‍ പ്രാണസഖി ഇവിടെ ഈ സ്നേഹ കാവ്യത്തിന്‌ വിരാമം കുറിക്കട്ടെ. എന്നും നിന്‍ തൂലികയില്‍ മൊട്ടിട്ട്‌ കടലാസില്‍ വിരിയുന്ന റോസാപ്പൂക്കള്‍ക്കായി ഈ പ്രാണനാഥന്‍ കാത്തിരിക്കും.
ഭവ്യ ബി, അനുപമ പി, അനുഷ ഇ, ശ്യാമിലി എസ്‌.

ആരോഗ്യ മന്ത്രിക്ക്‌ ഒരു നിവേദനം
വിഷയം : ഗര്‍ഭിണികളായ ആടുകള്‍ക്ക്‌ പോഷകാഹാരം നല്‍കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ബഹു. ആരോഗ്യ മന്ത്രി ശ്രീമതി അജസുന്ദരി ടീച്ചര്‍ക്ക്‌ ആട്ടിന്‍ മൂല നിവാസികള്‍ സമര്‍പ്പിക്കുന്ന നിവേദനം.സര്‍,ഞങ്ങളുടെ നാട്ടില്‍ ഈയിടെയായി ഗര്‍ഭിണികള്‍ക്ക്‌ പോഷകാഹാരം ലഭിക്കുന്നില്ല എന്ന കാര്യം പത്ര റിപ്പോര്‍ട്ടുകളിലുടെ താങ്കള്‍ അറിഞ്ഞു കാണുമല്ലോ? ഗര്‍ഭിണികളുടെ ഈ പ്രശ്നം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ പഞ്ചായത്ത്‌ മെമ്പര്‍ക്ക്‌ പരാതി നല്‍കിയിരുന്നുവെങ്കിലും അതിനൊരു ഫലവും ഉണ്ടായില്ല. ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോഷക സമൃദ്ധമായ ആഹാരം ലഭിക്കാത്തതിനാല്‍ ജനിച്ചു വീഴുന്ന കുഞ്ഞാടുകള്‍ക്ക്‌ നല്ല ആരോഗ്യം ഉണ്ടാകുന്നില്ല. കൂടാതെ പോഷക സമൃദ്ധമായ മുലപ്പാല്‍ പോലും ലഭിക്കുന്നില്ല എന്നത്‌ യാഥാര്‍ഥ്യമാണ്‌.ഏതൊരു കുട്ടിയ്ക്കും അത്യാവശ്യം ലഭ്യമാകേണ്ടത്ത മുലപ്പാല്‍ തന്നെയാണല്ലോ? എന്നാല്‍ മനുഷ്യരുടെ ക്രൂരതകള്‍ മൂലം ഇന്ന്‌ മുലപ്പാല്‍ പോലും കുഞ്ഞാടുകള്‍ക്ക്‌ ലഭിക്കുന്നില്ല. ആദ്യകാലങ്ങളില്‍ കുഞ്ഞിന്‌ പാലൂട്ടിയ ശേഷമായിരുന്നല്ലോ മനുഷ്യര്‍ പാല്‍ കറന്നിരുന്നത്‌. ഇന്ന്‌ ആ പതിവും തിരുത്തിയിരിക്കുകയാണ്‌. മുഴുവന്‍ പാലും മനുഷ്യന്‍ കട്ടെടുക്കുകയാണ്‌. മനുഷ്യരുടെ ഇത്തരം പീഡനങ്ങള്‍ മൂലം സഹികെട്ട്‌ നില്‍ക്കുകയാണ്‌ ആട്‌ വര്‍ഗം.ആടുകള്‍ വളരെ കൂടുതലുള്ള കോളനികളില്‍ ഗര്‍ഭിണികള്‍ക്ക്‌ താമസിക്കാന്‍ പ്രത്യേകം സെന്ററുകള്‍ സ്ഥാപിക്കുകയും പോഷകാഹാരമായ കടലപ്പിണ്ണാക്ക്‌, തേങ്ങാപ്പിണ്ണാക്ക്‌, നട്ടുവളര്‍ത്തുന്ന പുല്ല്‌ എന്നിവ വിതരണം ചെയ്യുകയും ചെയ്താല്‍ പോഷകാഹാരക്കുറവ്‌ പരിഹരിക്കാന്‍ സാധിക്കും. കൂടാതെ മുലപ്പാലിന്റെ ആവശ്യകത പരിഗണിച്ച്‌ നാട്ടുകാരായ മനുഷ്യര്‍ക്ക്‌ ഒരു ബോധവത്കരണ പരിപാടി നടത്തുകയും ചെയ്താല്‍ ആടുകള്‍ക്ക്‌ സ്വതന്ത്രമായി ജീവിക്കാനും സാധിക്കും. ഒരു തരത്തിലുള്ള പീഡനങ്ങളും ഏല്‍ക്കേണ്ടി വരില്ല. ഈ കാര്യങ്ങളില്‍ ഞങ്ങളെ സഹായിക്കുമെന്ന വിശ്വാസത്തോടെ.
ആട്ടിന്‍മൂല നിവാസികള്‍
സുചിത്ര ബി, സന്ധ്യ ഒ ബി, സോബിയ എം ആര്‍, ആരതി പി കെ.

ഫ്രം തലയോലപ്പറമ്പ്‌ ടു ലണ്ടന്
‍ഡാര്‍ലിംഗ്‌,എങ്ങനെ തുടങ്ങണമെന്നറിയില്ല. എന്‍ ചുണ്ടുകളില്‍ നറു പുഞ്ചിരി വിടരുകയാണ്‌. നമ്മുടെ സ്വപ്നം പൂവണിഞ്ഞു. നാം ആഗ്രഹിച്ചതു പോലെ സകല കളരി ദൈവങ്ങളേയും പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി നമുക്കൊരു കുഞ്ഞോമന പിറന്നിരിക്കുന്നുവെന്ന സന്തോഷ വാര്‍ത്ത ചേട്ടനെ ഞാനറിയിക്കട്ടെ. ആദ്യപ്രസവ സമയത്ത്‌ ചേട്ടനടുത്തില്ലാതിരുന്നത്‌ എനിക്ക്‌ എന്ത്‌ വിഷമമായെന്നോ. എങ്കിലും പാത്തുമ്മച്ചേച്ചിയുണ്ടായിരുന്നത്‌ ആശ്വാസമായി. എല്ലാവരും പലഹാരവുമായി വന്നപ്പോള്‍ ശരിക്കുമെനിക്ക്‌ നാണമായി. പിന്നെ, കുട്ടി നിങ്ങളുടെ തനിപ്പകര്‍പ്പാ. അതേ കണ്ണ്‌, അതേ മൂക്ക്‌ എന്തിന്‌ പറയുന്നു, നിങ്ങളെ പറിച്ചു വച്ചതു പോലെ തന്നെ. കുഞ്ഞേതു നേരത്തും ബഷീര്‍ ഇക്കയുടെ കൂടെയാണ്‌. ങാ പിന്നെ ഇവിടെ വലിയ തണുപ്പാണ്‌. നിങ്ങള്‌ വരുമ്പോഴൊരു കമ്പിളി കൊണ്ടുവരണം. നമ്മുടെ ഓമനയെക്കുറിച്ച്‌ നമുക്ക്‌ ചില ആശകളുണ്ടായിരുന്നില്ലേ.അക്കരെയിക്കരെ നിന്നാലെങ്ങനെ ആശതീരും നമ്മുടെ ആശ തീരുംബഷീര്‍ക്ക ഇതു പാടി എന്നെ കളിയാക്കാറുണ്ട്‌. ഇവിടെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും സുഖമാണ്‌.ബാക്കി വിശേഷങ്ങള്‍ അടുത്ത കത്തില്‍. ചുരുക്കട്ടെ, ബഷീര്‍ക്കാന്റെ പ്ലാവില്‍ നിന്ന്‌ ഒരില വീണെന്നു തോന്നുന്നു. ഓടി ച്ചെല്ലട്ടെ. അല്ലെങ്കില്‍ ആ നശിച്ച ആനുമ്മച്ചേച്ചീടെ ആട്‌ ഓടി വരും. നിര്‍ത്തുന്നു. എത്രയും പെട്ടെന്ന്‌ നമ്മുടെ പൊന്നോമനയെക്കാണാന്‍ ചേട്ടന്‍ വരുന്നതും കാത്ത്‌ കണ്ണും നട്ട്‌ ഇരിക്കുകയാണ്‌ ഞാനിവിടെ.
എന്ന്‌ ചേട്ടന്റെ സ്വന്തംസുന്ദരിക്കോത
അമൃത മോള്‍, നളിനി, ഷൈജ, സുബിന, ജയേഷ്മ

ഹോം നേഴ്സിനെ ആവശ്യമുണ്ട്‌.
വൈക്കം തലയോലപ്പറമ്പില്‍ ആടിന്റെ പ്രസവശുശ്രൂഷയ്ക്കായി ഒരു ഹോം നേഴ്സിനെ ആവശ്യമുണ്ട്‌. പ്രായം പതിനഞ്ചിനും ഇരുപത്തഞ്ചിനും മധ്യേ. അവിവാഹിതരായിരിക്കണം. ഈരംഗത്ത്‌ കുറഞ്ഞത്‌ മൂന്നു മാസത്തെ മുന്‍പരിചയമെങ്കിലും ഉണ്ടായിരിക്കണം. ആകര്‍ഷകമായ ശമ്പളം. താമസ സൗകര്യം, ഭക്ഷണം എന്നിവ സൗജന്യം. താല്‍പര്യമുള്ളവര്‍ ഉടന്‍ ബന്ധപ്പെടുക. പി ബി നമ്പര്‍ 8999തലയോലപ്പറമ്പില്‍വൈക്കം പി ഒ.മൊബെയില്‍ 59999966666

പാല്‍ മോഷണം കോടതിയില്‍
( പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഉമ്മയും മക്കളും. എതിര്‍ക്കൂട്ടില്‍ കഥാകൃത്ത്‌ )
ഉമ്മ: ( പുസ്തകത്തില്‍ കൈവച്ചു കൊണ്ട്‌ ) ഈ കോടതി മുമ്പാകെ ഞാന്‍ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ.
അഡ്വ: എന്താണ്‌ പേര്‌?
ഉമ്മ: കുന്നും വളപ്പില്‍ അല്‍മ.
അഡ്വ: ജോലി?
ഉമ്മ: ഞമ്മക്ക്‌ പണിയൊന്നുമില്ല.
അഡ്വ: പിന്നെങ്ങനെ ജീവിക്കുന്നു.
ഉമ്മ: ഞമ്മ ഇങ്ങനെ പറമ്പ്ന്ന്‌ കിട്ടുന്ന സാധനങ്ങള്‍ വിറ്റിട്ട്‌. പിന്നെ അബ്ദുള്‍ ഖാദര്‍ കൊണ്ടോരും. ഓനല്ലേ കുടുംബം നോക്ക്ന്ന്‌. ഓനും ഓന്റെ കെട്ട്യോളും ഈട്യാ നിക്ക്ന്ന്‌.
അഡ്വ: നിങ്ങള്‍ എന്റെ കക്ഷി പാത്തുമ്മായുടെ ആടിന്റെ പാല്‍ കറന്നെടുത്തോ?
ഉമ്മ: അള്ളാ... ഞമ്മ കക്കാനാ? എന്റെ മോനെ ഞിക്ക്‌ ഒന്നും ബരാണ്ടിരിക്കട്ട്‌.
അഡ്വ: നിങ്ങള്‍ കോടതിയില്‍ സത്യം മാത്രമേ ബോധിപ്പിക്കാന്‍ പാടുള്ളൂ.
ഉമ്മ: ബദ്‌രീങ്ങളെ പറഞ്ഞോന്റെ നാവ്‌ പുയ്ത്ത്‌ പോട്ട്‌.
അഡ്വ: ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍.ഈ കേസിലെ സാക്ഷിയെ വിസ്തരിക്കാന്‍ ദയവായി കോടതി എന്നെ അനുവദിക്കണമെന്നപേക്ഷിക്കുന്നു.
കോടതി: യെസ്‌ യൂ കാന്‍ പ്രോസെഡ്‌.
( കഥാകൃത്ത്‌ സത്യം ചെയ്യുന്നു.)
അഡ്വ: എന്താണ്‌ പേര്‌?ബഷീര്‍: എന്റെ പേര്‌ ബഷീര്
‍അഡ്വ: എന്തു ചെയ്യുന്നു?
ബഷീര്‍: എഴുത്തുകാരനാണ്‌.
അഡ്വ: നിങ്ങള്‍ എന്റെ കക്ഷി പാത്തുമ്മായുടെ ആടിനെ കട്ടുകറക്കുന്നത്‌ കണ്ടോ?
ബഷീര്‍: കണ്ടു.
അഡ്വ: ഈ നില്‍ക്കുന്ന കുന്നുംപറമ്പില്‍ അല്‍മയാണോ ആടിനെ കറന്നത്‌.
ബഷീര്‍: അതെ
ഉമ്മ: അള്ളാ...ഞമ്മള്‌ മാത്രമല്ല എന്റെ മക്കളും മരുമക്കളും ഉണ്ടായിരുന്നില്ലേഡാ
സരിത പി, വീണ കെ പി, സിഞ്ചു കെ, സനില വി...

വൈവാഹികം
പ്രശസ്ത സാഹിത്യകാരന്‍, പരിസ്ഥിതി സ്നേഹി, മുസ്ലിം, മധ്യവയസ്കന്‍, തലയോലപ്പറമ്പില്‍താമസം, സ്തീധനം ആവശ്യമില്ല. സുന്ദരികളായ യുവതികളുടെ രക്ഷിതാക്കളില്‍ നിന്ന്‌ ആലോചനകള്‍ ക്ഷണിക്കുന്നു.


അധ്യാപകനെആവശ്യമുണ്ട്‌
പ്രശസ്ത സാഹിത്യകാരന്‌ വ്യാകരണം പഠിപ്പിക്കാന്‍ അധ്യാപകനെ ആവശ്യമുണ്ട്‌. മലയാളം വ്യാകരണത്തില്‍ നല്ല വ്യുല്‍പ്പത്തി വേണം. ഇംഗ്ലീഷില്‍ പരിജ്ഞാനമുള്ളവര്‍ക്ക്‌ മുന്‍ഗണന. മാസം നൂറു രൂപ പ്രതിഫലം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക.
അബ്ദുള്‍ ഖാദര്‍തലയോലപ്പറമ്പ്‌